‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’; ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകൾക്ക് സഹായമായി ദുൽഖർ

ഗുരുതര രോഗങ്ങളാൽ ദുരിതമനുഭവിക്കുകയും ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുകയും ചെയ്യുന്ന കുട്ടികൾക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി നടൻ ദുൽഖർ സൽമാൻ. വൃക്ക, കരൾ, ഹൃദയം തുടങ്ങി ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ ഫാമിലിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റി, കൈറ്റ്സ് ഫൗണ്ടേഷൻ, വേഫെറര്‍ ഫിലിംസ് എന്നിവർ കൈകോർത്ത് ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കമിട്ടു.

വേഫെറർ ഫിലിംസ് പ്രതിനിധി ബിബിൻ, ആസ്റ്റർ മെഡിസിറ്റി ഡെപ്യൂട്ടി മാനേജർ ഓഫ് മീഡിയ റിലേഷൻസ് ടി.എസ്.ശരത് കുമാർ, മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രോഹിത് പി.വി.നായർ, കൈറ്റ്സ് ഫൗണ്ടേഷൻ പ്രതിനിധികളായ അജ്മൽ, ക്ലാരെ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

ഈ പദ്ധതിയിലൂടെ സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുട്ടികൾക്ക് സഹായം നൽകും. ഓരോ ശസ്ത്രക്രിയയ്ക്കും 20 ലക്ഷമോ അതിലധികമോ ചെലവ് വരും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് മനസ്സിലാക്കിയാണ് ദുല്‍ഖര്‍ സൽമാൻ ഫാമിലി സഹായവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ dqfamily.org വെബ്സൈറ്റിൽ ലഭ്യമാണ്. സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്.