മറ്റുള്ളവരെപ്പോലെ ഒന്നിച്ചു ജീവിക്കണം; അദ്വികക്ക് താലിചാർത്തി നിലൻകൃഷ്ണ
കൊല്ലങ്കോട്: നിറഞ്ഞ സദസ്സിന് മുന്നിൽ വച്ച് നിലൻകൃഷ്ണ അദ്വികയുടെ കഴുത്തിൽ താലിചാർത്തി.വലിയ ആഘോഷമായാണ് കൊല്ലങ്കോട് ശെങ്കുന്തർ കല്യാണമണ്ഡപത്തിൽ ട്രാൻസ്ജെൻഡർ വിവാഹം നടന്നത്.ആലപ്പുഴ എടത്വ ഐറമ്പിള്ളിൽ പ്രസാദിന്‍റെയും സുഷമയുടെയും മകൻ നിലൻകൃഷ്ണ (23), തിരുവനന്തപുരം വെങ്ങനൂർ പുതുക്കുളത്തിങ്കരയിൽ ജയന്‍റെയും മിനിയുടെയും മകൾ അദ്വിക (22) എന്നിവരാണ് വിവാഹിതരായത്.ഇരുവരും കൊല്ലങ്കോട് ഫിൻഗ്രൂപ്പ് ഉദ്യോഗസ്ഥരാണ്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.സത്യപാൽ, വൈസ് പ്രസിഡന്‍റ് സി.ഗിരിജ,പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് എൽ.സായി രാധ, ഫിൻഗ്രൂപ്പ് എം.ഡി.കെ.രജിത, സംഘാടകൻ വൈശാഖ് തുടങ്ങിയവരും പങ്കെടുത്തു.
മറ്റുള്ളവരെ പോലെ ജീവിക്കുകയെന്നതാണ് സ്വപ്നമെന്ന് നവദമ്പതികൾ പറഞ്ഞു. വിവാഹത്തിന് പിന്തുണയും,കരുതലും നൽകി കൂടെ നിന്ന സഹപ്രവർത്തകർക്കും, സമൂഹത്തിനുമുള്ള നന്ദിയും ഇരുവരും മാധ്യമങ്ങളിലൂടെ അറിയിച്ചു.പെൺകുട്ടിയായി ജനിച്ച് ക്രമേണ ആണിന്റെ ശൈലിയിലേക്ക് മാറിയ വ്യക്തിയാണ് നിലൻ.അദ്വിക പെൺകുട്ടിയായി ജനിച്ച് പിന്നീട്, സ്ത്രീയാവുകയും ചെയ്തു.
അടുത്തുള്ള ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും യഥാസമയം അനുമതി ലഭിക്കാതെ വന്നപ്പോഴാണ് വിവാഹവേദി മണ്ഡപത്തിലേക്ക് മാറ്റിയതെന്ന് സംഘം അറിയിച്ചു.എന്നാൽ 20 ന് വിവാഹാവശ്യവുമായെത്തിയ സംഘത്തോട് എക്‌സിക്യൂട്ടിവ് ഓഫീസറെ അറിയിച്ച ശേഷം 22 ന് വിവരങ്ങൾ നൽകാമെന്ന് കൗണ്ടർ ജീവനക്കാരൻ പറഞ്ഞിരുന്നുവെന്നും, എന്നാൽ പിന്നീട് തുടരന്വേഷണമുണ്ടായില്ലെന്നുമാണ് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ പറയുന്നത്.