ഞങ്ങൾ ഒരു കുടുംബം പോലെ! സ്ഥിരം യാത്രക്കാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

ബസിലെ സ്ഥിരം യാത്രക്കാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചും, സമ്മാനങ്ങൾ കൈമാറിയും കെ.എസ്.ആർ.ടി.സി ജീവനക്കാർ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ – ചേർത്തല റൂട്ടിൽ ഓടുന്ന ബസിലാണ് വ്യത്യസ്തമായൊരു ആഘോഷം നടന്നത്.

ഓണം, ക്രിസ്മസ്, അങ്ങനെ എല്ലാം ഇത്തരത്തിൽ ബസിൽ ആഘോഷിക്കാറുണ്ട്. രാവിലെയും, വൈകിട്ടുമുള്ള യാത്രാ തിരക്കിനും, പിന്നീട് വീട്ടിലെ ഉത്തരവാദിത്തങ്ങൾക്കുമിടയിൽ യാത്രക്കാർക്കും, ജീവനക്കാർക്കും ഒത്തുചേരലിന്റെ നിമിഷങ്ങൾ കൂടിയായിരുന്നു ഈ ആഘോഷം.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളും, ഓഫീസ് ജീവനക്കാരും ഉൾപ്പെടെ 3,4 വർഷമായി ബസിൽ യാത്ര ചെയ്യുന്നവരും, ജീവനക്കാരും ഒരു കുടുംബം പോലെയാണ്. ബസിലെ 60 ശതമാനവും സ്ഥിരം യാത്രക്കാരാണ്. യാത്രക്കാരും, ജീവനക്കാരും അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പും ഉണ്ട്. ആഘോഷങ്ങൾ മറ്റെവിടേക്കും മാറ്റാതെ ബസിൽ തന്നെ ആഘോഷിക്കാൻ ഏവരും ഒന്നുപോലെ തീരുമാനിക്കുകയായിരുന്നു. കേക്ക് മുറിച്ചും, പാട്ടുകൾ പാടിയും യാത്രയിൽ അവർ ക്രിസ്മസ് ആഘോഷം ഭംഗിയാക്കി.