സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷം; 13 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1423 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കാടതിർത്തി ഗ്രാമങ്ങളിൽ മാത്രം ഉണ്ടായിരുന്ന വന്യജീവി ആക്രമണങ്ങൾ ഇപ്പോൾ തിരക്കേറിയ നഗരങ്ങൾക്ക് നടുവിൽ പോലും സാധാരണമായി മാറുകയാണ്. അടുത്തിടെ കേരളത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 13 വർഷത്തിനിടെ 1,423 പേരാണ് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിരക്കേറിയ റോഡ് മുറിച്ചുകടന്ന് ജോസ് ജ്വല്ലറിയിലേക്ക് ഇടിച്ചുകയറിയത് സ്വർണം വാങ്ങാനെത്തിയവരല്ലായിരുന്നു. അതൊരു കാട്ടുപന്നിയായിരുന്നു. അന്ന് ജ്വല്ലറി ജീവനക്കാരനായ ജോയി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനുമുമ്പ് കാട്ടുപന്നി തിരികെ ഓടി. കാട് കാണാത്ത ആലപ്പുഴയിലും ആക്രമണമുണ്ടായി. മകനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ ഷിബുവിനെയും പശുവിനെ പുല്ല് തീറ്റിക്കാൻ കൊണ്ടുപോയ സുശീലയെയും കുത്തിവീഴ്ത്തിയതും ഒരു കാട്ടുപന്നിയാണ്. ആറ് മാസം മുമ്പാണ് ചേളന്നൂർ സ്വദേശി സിദ്ദീഖ് ബൈപ്പാസിൽ കാട്ടുപന്നി വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. പരിക്കേറ്റ സനാഫ് ഇപ്പോഴും ചികിത്സയിലാണ്. പട്ടാപ്പകൽ ആന കുത്തി മറിച്ച പച്ചക്കറിക്കടയുണ്ട് അട്ടപ്പാടി ടൗണിൽ. ഇതെല്ലാം നാം എല്ലാ ദിവസവും പത്രങ്ങളിൽ വായിക്കുന്ന വാർത്തയായി മാറിയിരിക്കുന്നു.
ഗ്രാമീണ-നഗര ഭേദമന്യേ വന്യജീവി ആക്രമണ ഭീഷണിയുടെ നിഴലിലാണ് ഇന്ന് കേരളം എന്നതിന്‍റെ തെളിവും ഈ കണക്കുകൾ നൽകുന്നു. 2008 നും 2021 നും ഇടയിൽ സംസ്ഥാനത്ത് 1,423 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 7,982 പേർക്ക് പരിക്കേറ്റതായി കെഎഫ്ആർഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ടി വി സജീവ് പറഞ്ഞു. ഇലക്ട്രിക് ഫെൻസിംഗ്, കിടങ്ങ് നിർമ്മാണം, സോളാർ ഫെൻസിംഗ്, എസ്എംഎസ് അലേർട്ട് സിസ്റ്റം, കമ്മ്യൂണിറ്റി അലാറം തുടങ്ങി വിവിധ പേരുകളിൽ നിരവധി പദ്ധതികൾ ആക്രമണങ്ങൾ തടയാൻ നിലവിൽ ഉപയോഗിക്കുന്നു. നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ നടപ്പാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പ്രശ്നം മൂർച്ഛിച്ചപ്പോൾ കാട്ടുപന്നിയെ വെടിവയ്ക്കാമെന്ന് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. എന്നാൽ അവിടെയും കുരുങ്ങിയത് കര്‍ഷകര്‍ മാത്രമെന്നതാണ് യാഥാർത്ഥ്യം.