അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ കിങ്ങിണി ജീവിതത്തിലേക്ക് തിരിച്ചെത്തി

പെരുമ്പാവൂർ: അഗ്നിരക്ഷാസേനയുടെയും അയൽവാസികളുടെയും സഹായത്തോടെ കിങ്ങിണി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇരിങ്ങോൾ വൈദ്യശാലപ്പടി കളംപറമ്പിൽ റെജി ജോസിന്‍റെ രണ്ട് വയസ്സുള്ള ആടാണ് കിങ്ങിണി. കഴിഞ്ഞ ദിവസം റെജിയുടെ വീടിന് സമീപത്തെ വീട്ടിലെ കിണറ്റിൽ കിങ്ങിണി വീണു. കിണറിന് ആൾമറയുണ്ടായിരുന്നില്ല. രാവിലെ പറമ്പിൽ കെട്ടിയിട്ടിരുന്ന കിങ്ങിണി ഓടിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

രാവിലെ 10.50 ഓടെയായിരുന്നു സംഭവം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ.എ.ആബിദ് കിണറ്റിൽ ഇറങ്ങി കിങ്ങിണിയെ പുറത്തെടുത്ത് ഉടമയ്ക്ക് കൈമാറി. പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി.എൻ.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ബി.എസ്.സാൻ, കെ.സുധീർ, ബെന്നി ജോർജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.