കൈ കുഞ്ഞിനെ നിലത്ത് കിടത്തി ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് യുവതി

ഭോപ്പാല്‍: മധ്യപ്രദേശിൽ കനാലിൽ മുങ്ങി താണ യുവാവിനെ രക്ഷപ്പെടുത്തി യുവതി. 10 മാസം പ്രായമായ കുഞ്ഞിനെ കനാലിന്‍റെ തീരത്ത് കിടത്തിയാണ് യുവതി യുവാവിനെ രക്ഷപ്പെടുത്തിയത്. ഭോപ്പാൽ ജില്ലയിലെ കധൈയകാല ഗ്രാമത്തിലാണ് സംഭവം. അതേസമയം, യുവാവിന്‍റെ സുഹൃത്തിനെ രക്ഷിക്കാനായില്ല. യുവാവിനെ രക്ഷിച്ച 30 വയസുകാരിയായ റബീനയുടെ ധീരതയെ പൊലീസ് പുരസ്‌കാരം നല്‍കി ആദരിച്ചു.

കനാലിനടുത്തുള്ള പൈപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോയതായിരുന്നു റബീന. കുഞ്ഞുമായാണ് പോയത്. ഇതിനിടയിലാണ്, രണ്ട് യുവാക്കൾ കനാലിന് സമീപം എങ്ങനെ അക്കരെ കടക്കും എന്ന് നോക്കി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കനാലിൽ ഇറങ്ങരുത് എന്ന് ഇവരോട് പറഞ്ഞെങ്കിലും ഇവർ ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാജു അഹിർവാറും (25) സുഹൃത്ത് ജിതേന്ദ്ര അഹിർവാറും വ്യാഴാഴ്ച അയൽ ഗ്രാമമായ ഖജൂറിയയിലേക്ക് കീടനാശിനി തളിക്കാൻ പോയതായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് കനത്ത മഴ പെയ്തു. മടങ്ങാറായപ്പോഴേക്കും രണ്ട് ഗ്രാമങ്ങളെയും വേർതിരിക്കുന്ന കനാൽ കരകവിഞ്ഞൊഴുകുകയായിരുന്നു.

വെള്ളത്തില്‍ ഇറങ്ങരുതെന്ന് റബീന മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച് ഇരുവരും വെള്ളത്തില്‍ ഇറങ്ങി. കനാലില്‍ കാലുകുത്തിയ ഉടന്‍ തന്നെ ശക്തമായ ഒഴുക്കില്‍ നില തെറ്റി ഇവര്‍ മുങ്ങാന്‍ തുടങ്ങി.

രാജു ദീദി, ദീദി എന്ന് വിളിച്ച് ആര്‍ത്ത് കരഞ്ഞു. കരച്ചില്‍ കേട്ട് റബീന തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. “അയാള്‍ ദീദി ബച്ചാവോ എന്ന് നിലവിളിച്ചു, ഞാന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല, അവന്‍ എന്റെ ഗ്രാമത്തില്‍ നിന്നാണ്, എനിക്ക് അവനെ അറിയാം, എനിക്ക് നീന്തല്‍ അറിയാം. അവനെ രക്ഷിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മറ്റേയാളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു”, റബീന പറഞ്ഞു.