സ്ത്രീകളുടെ ഫുട്ബോൾ സ്വപ്നം പൂവണിയണം; ടർഫ് ഒരുക്കി കാത്തിരിക്കുന്നു ചില്ല ഫൗണ്ടേഷൻ

ഖത്തറിൽ കളി നിയന്ത്രിക്കാനിറങ്ങിയ സ്റ്റെഫാനി ഫ്രപ്പാർട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊല്ലത്ത് ഒരു കൂട്ടം വനിതകളുടെ ഫുട്ബോൾ സ്വപ്നം പൂവണിയുന്നു. ‘ചില്ല’ എന്ന ഫൗണ്ടേഷനാണ് വനിതാ ഫുട്ബോൾ പ്രീമിയർ ലീഗിന് മുൻകൈ എടുത്തിരിക്കുന്നത്.

കൊല്ലം അയത്തിൽ എം.എഫ്.ഐ.ടി സ്പോർട്സ് ക്ലബ് ടർഫിൽ, ചില്ലയും ഐമാളും സംയുക്തമായി നടത്തുന്ന ചില്ല പ്രീമിയർ വിമൻസ് ഫുട്ബോൾ കപ്പിന് പന്തുരുളും. വർഷ, ആരതി എസ്.കുമാർ, പ്രസന്ന എന്നിങ്ങനെ 3 റഫറിമാരും വിസിലുമായി ഇറങ്ങും.

മുട്ടറ ദേശിംഗനാട് സോക്കർ ക്ലബ്ബിലെ സംസ്ഥാന തലത്തിലടക്കം ബൂട്ടണിഞ്ഞ വനിതാ താരങ്ങൾ ടീമിൽ അണിനിരക്കും. കഴിവുള്ളവരെല്ലാം മുന്നോട്ടു വരണമെന്നാണ് ചില്ലയുടെ സെക്രട്ടറി റാണി നൗഷാദ് പറയുന്നത്. മാരത്തൺ താരവും സംഘടനയുടെ സ്പോർട്സ് എംപവർമെന്റ് ഡയറക്ടറുമായ അഡ്വ. ദീപ അശോക്, ട്രാഷറർ അർച്ചന, ജില്ലാ കോർഡിനേറ്റർ ജലജ നരേഷ്, ഷീജ മണികണ്ഠൻ എന്നിവർ ചേർന്ന് പദ്ധതിക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. കളക്ടർ അഫ്സാന പർവീൺ ഉദ്ഘാടനവും, സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് കിക്ക് ഓഫും നിർവഹിക്കും.