നിനക്ക് ഞാനുണ്ട്; നീന്തൽകുളത്തിൽ വീണ നായ്ക്കുട്ടിയെ നീന്തി രക്ഷിച്ച് നായ

റിയോ ഡി ജനൈറോ: നീന്തൽക്കുളത്തിൽ വീണ 3 മാസം പ്രായമുള്ള നായ്ക്കുട്ടിയെ രക്ഷിച്ച് നായ. ബ്രസീലിലെ ജാര്‍ഡിനോപോളിസിലാണ് സംഭവം. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മൂന്ന് നായ്ക്കുട്ടികൾ വീടിനുള്ളിലെ നീന്തൽക്കുളത്തിന് സമീപം കളിക്കുകയായിരുന്നു. കളിക്കിടെ അവരിലൊരാൾ നീന്തൽക്കുളത്തിലേക്ക് വഴുതി വീണു. നായ്ക്കുട്ടി വെള്ളത്തിൽ ജീവനുവേണ്ടി പൊരുതുന്നത് കണ്ട് മറ്റ് നായ്ക്കുട്ടികൾ ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. ഇതോടെ നായ പടികൾ ഇറങ്ങി വന്ന് വെള്ളത്തിലേക്ക് ചാടി നായ്ക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. യജമാനൻ എത്തിയപ്പോഴേക്കും നായ്ക്കുട്ടിയെ കരയ്ക്കെത്തിച്ചിരുന്നു.

വീഡിയോയിൽ, യജമാനൻ നായയുടെ ധീരമായ പ്രവൃത്തിയെ അഭിനന്ദിക്കുന്നത് കാണാം. ഈ മിടുക്കി നായയുടെ പേര് അഥീന എന്നാണ്.