21 വർഷത്തെ രോഗദുരിതത്തിൽ നിന്നും യുവതിക്ക് പുതുജീവൻ
കൊച്ചി: 21 വർഷമായനുഭവിച്ചിരുന്ന രോഗദുരിതത്തിൽ നിന്നും മുക്തയായതിന്റെ സന്തോഷത്തിലാണ് ഒരു യുവതി. ഭക്ഷണം ഇറക്കുന്നതിൽ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശി മർജാനയെന്ന 27 വയസ്സുകാരിക്കാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവിതം ലഭിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് അമിനി ദ്വീപ് സ്വദേശികളായ കുഞ്ഞികോയയുടെയും, കുഞ്ഞിബിയുടെയും മകളായ മർജാനയെ ചെറുപ്രായത്തിൽ തന്നെ അപൂർവരോഗം ബാധിക്കുകയായിരുന്നു. അന്നനാളത്തിലെ തടസ്സം മൂലം മർജാനക്ക് ഭക്ഷണമിറക്കാൻ കഴിഞ്ഞിരുന്നില്ല. രോഗബാധയെതുടർന്ന് രണ്ടാം ക്ലാസ്സിൽ പഠനമവസാനിപ്പിക്കേണ്ടി വന്ന യുവതി, കഴിഞ്ഞ 21 വർഷങ്ങളായി തുടരെയുള്ള മനംപിരട്ടലും,ഛർദിയും അനുഭവിച്ചു വരുകയായിരുന്നു.
പോഷകങ്ങൾ ലഭിക്കാതായപ്പോൾ ശരീരം തളരുകയും, ശോഷിക്കുകയും ചെയ്തു.
നിരവധി ആശുപത്രികൾ സന്ദർശിച്ച ശേഷമാണ് അവർ കൊച്ചിയിലെത്തുന്നത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 6 വയസ്സ് മുതൽ മർജാന അനുഭവിച്ചിരുന്ന ദുരിതമവസാനിച്ചു.ആരോഗ്യവതിയായി ദ്വീപിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് മർജാനയിപ്പോൾ.