തണുത്ത് മരവിച്ച അപരിചിതന് സഹായമേകി യുവതി; മാലാഖയെന്ന് വാഴ്ത്തി സമൂഹമാധ്യമങ്ങൾ
മനുഷ്യഹൃദയത്തിലെ നന്മകൾ പ്രകടമാകുന്ന നിരവധി കഥകൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്കിടയിലേക്കെത്താറുണ്ട്. കിംബേർളിലാറുസ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനമനസ്സ് കീഴടക്കി ശ്രദ്ധയാകർഷിക്കുന്നത്.
ഒരു യുവതിയെ തേടിയെത്തിയ ഫോൺ കോളിൽ നിന്നുമാണ് കഥയുടെ ആരംഭം. ‘എന്നെ നിങ്ങൾക്കറിയില്ല പക്ഷേ നിങ്ങളുടെ സഹോദരൻ എന്നോടൊപ്പം ഉണ്ടെന്നായിരുന്നു മറുതലക്കലുണ്ടായിരുന്ന വ്യക്തി പറഞ്ഞത്. ജോ എന്ന 64 വയസ്സുള്ള ഭിന്നശേഷിക്കാരനായ സഹോദരൻ ജോലിസ്ഥലത്തായിരിക്കുമെന്നാണ് യുവതി കരുതിയത്. എന്നാൽ മടങ്ങി വരും വഴി തണുപ്പ് താങ്ങാനാവാതെ നിലവിളിക്കുകയായിരുന്നു അദ്ദേഹം.
ജോ കരയുന്നത് കേട്ട് ഷാകൈറയും, സുഹൃത്തും ഉടനെ അങ്ങോട്ടെത്തുകയും, ജോ യെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി തണുത്ത് മരവിച്ച അദ്ദേഹത്തിന് കമ്പിളി നൽകുകയും ചെയ്തു. എന്നാൽ ജോ വീണ്ടും അവശനായതോടെ ഷാകൈറ ഫേസ്ബുക്കിൽ സഹായം തേടുകയായിരുന്നു. ശേഷം സഹായിക്കാനെത്തിയവരും, ഷാകൈറയും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ജോ ക്ക് സഹായവുമായി ഓടിയെത്തിയ ഷാകൈറയെ മാലാഖ എന്നാണ് പലരും വിശേഷിപ്പിച്ചത്.