സ്വന്തമായി വള്ളം നിർമ്മിച്ച് വെള്ളായനി കായലിലെ മാലിന്യങ്ങൾ നീക്കി യുവാവ്

തിരുവനന്തപുരം : വെള്ളായനി കായലിനെ മാലിന്യ മുക്തമാക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ഒരു യുവാവ്. വെൽഡിംഗ് തൊഴിലാളിയായ വെള്ളായനി സ്വദേശി ബിനു ആണ് സ്വന്തമായി വള്ളം നിർമ്മിച്ച് കായൽ ശുചീകരണത്തിലൂടെ ശ്രദ്ധയാകർഷിക്കുന്നത്.

ലോക്ക്ഡൗൺ കാലത്താണ് സ്വന്തമായി വള്ളം നിർമ്മിക്കണമെന്ന ആശയമുദിച്ചത്. ആവശ്യമായ വസ്തുക്കൾ സ്വന്തം കടയിൽ നിന്നെടുത്ത് 5000 രൂപ ചിലവഴിച്ച് വള്ളത്തിന്റെ നിർമാണം പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ വള്ളം തോട്ടിൽ ഇറക്കിയപ്പോൾ മാലിന്യം നിറഞ്ഞു കിടക്കുന്നത് കണ്ട് വളരെ വിഷമിച്ചു.

തുടർന്നാണ് ഈ വള്ളത്തിൽ സഞ്ചരിച്ച് പ്ലാസ്റ്റിക്‌ മാലിന്യങ്ങളും മറ്റും ശേഖരിക്കാനാരംഭിക്കുന്നത്. കന്നാലിചാൽ പാലം മുതൽ കിരീടം പാലം വരെയുള്ള മാലിന്യങ്ങൾ ശേഖരിച്ചു. തുടർന്നാണ് വെള്ളായനി കായലിലേക്കിറങ്കിയത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ടാർ മിക്സിങ് പ്ലാന്റിൽ എത്തിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റിനെ ഏല്പിക്കും. കത്തിക്കുന്ന ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്ന യന്ത്രത്തിന്റെ ആശയവും ബിനുവിന്റെ മനസ്സിലുണ്ട്. ഭാര്യ ബിന്ദു എല്ലാ പിന്തുണയും നൽകുന്നു. പ്രധാനമന്ത്രിയെയും, മുഖ്യമന്ത്രിയെയും നേരിൽ കാണുകയെന്നതും അദ്ദേഹത്തിന്റെ സ്വപ്നമാണ്.