സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനം; യുഎസോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ

മോസ്കോ: ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ റഷ്യ. അമേരിക്കയോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് സെലെൻസ്കിയുടെ സന്ദർശനം കാണിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഉക്രൈനെ മുൻനിർത്തി അമേരിക്ക റഷ്യക്കെതിരെ പരോക്ഷ ആക്രമണം നടത്തുകയാണെന്നും റഷ്യ ആരോപിച്ചു.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉക്രൈനിന് 1.85 ബില്യൺ ഡോളർ സൈനിക സഹായം വാഗ്ദാനം ചെയ്യുകയും യുഎസ് കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ സെലെൻസ്കി അത് അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം പ്രകോപനപരമായ നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് റഷ്യയുടെ യുഎസ് അംബാസഡർ അനറ്റോളി അന്‍റോനോവ് പറഞ്ഞു.

റഷ്യൻ ആക്രമണങ്ങളെ ചെറുക്കാൻ ഉക്രൈനെ സഹായിക്കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വിലയേറിയതും ശക്തവുമായ മിസൈലുകൾ നൽകാൻ അവർ തയ്യാറാവുന്നത്. എന്നാൽ ഇതൊന്നും പ്രത്യേക സൈനിക നടപടിയിലൂടെ ലക്ഷ്യം കൈവരിക്കുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.