Latestദേശീയം

ഷൂ ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 16കാരൻ ഇളയ സഹോദരനെ കുത്തിക്കൊന്നു

ല ഖ്നൗ : ഉത്തർപ്രദേശില്‍ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ 16 കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി.ലക്ഷ്മണ്‍ ശർമ്മയാണ് (15) കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശർമ്മയാണ് കത്രിക ഉപയോഗിച്ച്‌ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്.

ഉത്തർപ്രദേശിലെ ഗുഗ്ലീ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓണ്‍ലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മണ്‍ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച്‌ നിരവധി പരിക്കുകള്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ലക്ഷ്മണ്‍ ശർമ്മ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണുവെന്നും പൊലീസ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ലക്ഷ്മണിൻ്റെ നില ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയും ഇരയും പ്രായപൂർത്തിയാകാത്തവരാണെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കുമാർ പറഞ്ഞു. കേസില്‍ നിയമനടപടികള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.