അമിത അളവില്‍ ലഹരി ഉപയോഗം; സംഗീതപരിപാടിക്കിടെ യുവതിയടക്കം രണ്ട് എംബിഎ വിദ്യാര്‍ഥികള്‍ മരിച്ചു
മുംബൈ; സംഗീതപരിപാടിക്കിടെ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ച് രണ്ട് എംബിഎ വിദ്യാർഥികള്‍ മരിച്ചു.24 വയസ്സുള്ള പെണ്‍കുട്ടിയും 28 വയസ്സുകാരനുമാണ് മരിച്ചത്. ഇവർക്കൊപ്പം ലഹരിമരുന്ന് ഉപയോഗിച്ച 25-കാരിയായ മറ്റൊരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്.
മുംബൈയിലെ നെസ്കോ സെന്ററില്‍ ഏപ്രില്‍ 11-ന് നടന്ന സംഗീതപരിപാടിക്കിടെയാണ് സംഭവം. ഏകദേശം നാലായിരത്തോളം പേർ പങ്കെടുത്ത സംഗീതപരിപാടിയായിരുന്നു ഇത്. രണ്ടായിരം രൂപയായിരുന്നു പ്രവേശന ഫീസ്. പരിപാടിക്കെത്തിയ ചിലർ ഇവിടെവെച്ച് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
ഇതിനിടെയാണ് അർധരാത്രി 12 മണിയോടെ മൂന്ന് എംബിഎ വിദ്യാർഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത ശ്വാസതടസ്സം ഉള്‍പ്പെടെ അനുഭവപ്പെട്ട മൂവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരിച്ചെന്നും പോലീസ് പറഞ്ഞു.
അമിതമായ അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, എന്ത് ലഹരിയാണ് ഇവർ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. എംഡിഎംഎ ആയിരിക്കാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്തു.
പരിപാടിക്ക് പോകുന്നതിനിടെ കാറില്‍വെച്ച് തന്നെ വിദ്യാർഥികള്‍ ലഹരിഗുളിക കഴിച്ചിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്നവിവരം. ഇവർ പിന്നീട് സംഗീതപരിപാടി നടക്കുന്ന വേദിയില്‍വെച്ചും ലഹരി ഉപയോഗിച്ചു. അമിതമായ അളവില്‍ ലഹരി ഉള്ളില്ച്ചെന്നതോടെയാണ് വിദ്യാർഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്ക് ലഹരിമരുന്ന് വിതരണംചെയ്തയാളെ പോലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. ഇയാളില്‍നിന്ന് ലഹരിഗുളികകളും പിടിച്ചെടുത്തു. മുംബൈയ്ക്ക് പുറത്തുനിന്നാണ് ഇയാള്‍ ലഹരി എത്തിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.
