തർക്കത്തിൽ പൊലിഞ്ഞത് കുഞ്ഞു ജീവൻ..;മുത്തശ്ശൻ എറിഞ്ഞ പ്രഷര്‍ കുക്കര്‍ അടപ്പ് തലയില്‍ വീണ് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
നാമക്കൽ വാക്കുതര്‍ക്കത്തിനിടെ മുത്തശ്ശൻ എറിഞ്ഞ പ്രഷര്‍ കുക്കര്‍ അടപ്പ് തലയില്‍ വീണ് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.തമിഴ്‌നാട്ടിലെ നാമക്കല്‍ കുമാരപാളയത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള ജോസ്വിക് എന്ന ആണ്‍കുഞ്ഞാണ് മുത്തശ്ശന്റെ ദേഷ്യത്തിന് ഇരയായി ജീവൻ വെടിഞ്ഞത്.
രണ്ട് വർഷം മുമ്പാണ് വെങ്കിടാചലത്തിന്റെ മകള്‍ മോനിഷയും (20) ഭവാനി സ്വദേശിയായ മയിലാനന്ദവും (24) തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്രവിവാഹമായിരുന്നതിനാല്‍ വെങ്കിടാചലത്തിന് ഈ ബന്ധത്തോട് കടുത്ത എതിർപ്പായിരുന്നു. വിവാഹശേഷം മകളുമായുള്ള എല്ലാ ബന്ധങ്ങളും ഇയാള്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഒൻപത് മാസം മുൻപ് മോനിഷയ്‌ക്ക് കുഞ്ഞ് ജനിച്ചതോടെ, സ്വന്തം അമ്മയുടെ നിർബന്ധപ്രകാരം കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കാൻ മോനിഷ പതിവായി സ്വന്തം വീട്ടില്‍ വന്നുപോയിരുന്നു. എന്നാല്‍ മകള്‍ വീട്ടിലെത്തുന്ന ഓരോ തവണയും വെങ്കിടാചലം വഴക്കിടുന്നത് പതിവായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയും വീട്ടിലെത്തിയ മോനിഷയുമായി വെങ്കിടാചലം കടുത്ത വാക്കുതർക്കത്തില്‍ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ കടുത്ത ദേഷ്യത്തില്‍ വെങ്കിടാചലം അടുക്കളയിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പ് മകള്‍ക്ക് നേരെ എറിയുകയായിരുന്നു. ഈ സമയം മോനിഷയുടെ കൈയിലിരിക്കുകയായിരുന്ന കുഞ്ഞിന്റെ തലയില്‍ കുക്കർ അടപ്പ് ശക്തമായി വന്ന് ഇടിക്കുകയും കുഞ്ഞ് പെട്ടെന്ന് തന്നെ ബോധരഹിതനായി വീഴുകയുമായിരുന്നു. പരിഭ്രാന്തരായ മോനിഷയും അമ്മയും ചേർന്ന് കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും, ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുത്തശ്ശനുമായ വെങ്കിടാചലത്തെ (41) വേപ്പടൈ പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
