Latestകേരളം

അതിശക്തമായ മഴ; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലം ആലപ്പാട് മുതല്‍ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ വരെയുമാണ് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഈ ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കടല്‍ക്ഷോഭം രൂക്ഷമായാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്ന് മാറി താമസിക്കണം. ചെറിയ വള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും കെട്ടി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം എന്നും നിര്‍ദേശമുണ്ട്.