Latestകേരളം

 ഇന്നും മഴയ്ക്ക് ശമനമില്ല; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. 14 ജില്ലകളിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. മുഴുവന്‍ ജില്ലകളിലും ഒറ്റപെട്ട ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത തുടരുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്ന നിര്‍ദേശം തുടരുകയാണ്. കടല്‍ ശാന്തമാകാത്ത സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നുള്ള മത്സ്യ ബന്ധനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗര മലയോര മേഖലകളിലും ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്തമായ മഴക്ക് സാധ്യത.