തായ്ലൻഡിലെ സ്കൂളിൽ 14-കാരനായ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ മരണം ആറായി
ബാങ്കോക്ക്: തായ്ലൻഡിലെ നോന്താബുരി പ്രവിശ്യയിലുള്ള ഡെബ്സിരിൻ നോന്താബുരി സ്കൂളിൽ നടന്ന വെടിവെപ്പിൽ മരണം ആറായി ഉയർന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. 14 വയസ്സുകാരനായ വിദ്യാർത്ഥിയാണ് ക്യാമ്പസിനുള്ളിൽ വെടിയുതിർത്തത്. ആക്രമണത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണ്
വെടിവെപ്പ് നടത്തുന്നതിന് തൊട്ടുമുമ്പ് കൗമാരക്കാരനായ പ്രതി തന്റെ വീട്ടിലെത്തി മുത്തശ്ശനേയും മുത്തശ്ശിയേയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് മുത്തശ്ശന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റളുമായി സ്കൂളിലേക്ക് തിരിച്ചത്. സ്കൂളിലെത്തിയ ശേഷം വിദ്യാർത്ഥി ഏകദേശം 26 റൗണ്ട് വെടിയുതിർത്തു. ആക്രമണത്തിന് ശേഷം സ്വയം വെടിയുതിർത്ത പ്രതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഏകദേശം 3,000-ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. വെടിയൊച്ച കേട്ടതോടെ ഭയന്നോടിയ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെ ബെഞ്ചുകൾക്ക് അടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പല കുട്ടികൾക്കും പരിക്കേറ്റത്. വിവരമറിഞ്ഞ് വൻ പോലീസ് സംഘവും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തിൽ തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ അനുശോചനം രേഖപ്പെടുത്തി. കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ദാരുണമായ അനുഭവമാണ് ഉണ്ടായതെന്നും അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോക്ക് കൈവശം വെക്കുന്നതിൽ മുൻപന്തിയിലുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാണ് തായ്ലൻഡ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യക്തമാക്കി.
