Latestകണ്ണൂര്‍ഗൾഫ്

കണ്ണൂരിൽ വയോധികയുടെ സ്വർണ്ണമാല കവർന്ന കേസ്: ഒളിവിലായിരുന്ന യുവതിയെ ടൗൺ പോലീസ് പിടികൂടി

കണ്ണൂർ: കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണ്ണമാല കവർന്ന് ഒളിവിൽ പോയ കേസിലെ പ്രധാന പ്രതിയായ യുവതിയെ പോലീസ്‌ പിടികൂടി. ചൊവ്വ ആറ്റടപ്പ സ്വദേശിനി സവിത എം.കെ (48) ആണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സവിതയെ പയ്യന്നൂരിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ഭാര്യയും ഭർത്താവുമാണെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടിൽ സഹായത്തിനെത്തിയ ശേഷമായിരുന്നു തട്ടിപ്പ്. വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയം സവിതയുടെ നിർദ്ദേശപ്രകാരം കൂടെയുണ്ടായിരുന്ന എ. ഷിനേഷ് വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മാല ജ്വല്ലറിയിൽ വിറ്റു.

മോഷ്ടിച്ച കാര്യത്തിൽ തനിക്ക് അറിവില്ലെന്നാണ് സവിത ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ വീട്ടുടമസ്ഥ പോലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷിനേഷിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ടൗൺ പോലീസ് നേരത്തെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂരിൽ വെച്ച് സവിത ടൗൺ പോലീസ് സംഘത്തിന്റെ വലയിലാകുന്നത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്‌.ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഗോപകുമാർ, സി.പി.ഒ മാരായ രതീഷ്, പ്രീത, വിനിൽ, പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രവിത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.