നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിന്റെ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. കയ്യാങ്കളി നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും നിയമസഭ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്ഗധരനെ കോടതി വിസ്തരിക്കും.
കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്, ഡിവിആര്‍ പകര്‍ത്തിയ എഞ്ചിനീയര്‍ എന്നിവരെയും വിസ്തരിക്കും. കേസിന്റെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. നിയമസഭ കയ്യാങ്കളിക്കേസില്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിചാരണ തടയാന്‍ പ്രതികള്‍ സുപ്രീംകോടതി വരെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു.
