സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അർധരാത്രി മുതല്‍ നിലവില്‍ വരും. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനം ജൂലൈ 31 അർധരാത്രി വരെയാണ് ഉണ്ടാകുക. ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂർ വിളിച്ചു ചേർത്ത മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മണ്‍സൂണ്‍ കാലത്തെ മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കാനും സമുദ്ര മത്സ്യസമ്പത്ത് വർധിപ്പിക്കാനുമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
നിരോധന കാലയളവില്‍ മെക്കനൈസ്ഡ് ബോട്ടുകള്‍ക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോകാൻ അനുമതിയുണ്ടാകില്ല. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇൻബോർഡ് വള്ളങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം തുടരാം. ട്രോളിംഗ് നിരോധനം കർശനമായി നടപ്പാക്കുന്നതിനായി തീരദേശ ജില്ലകളില്‍ പ്രത്യേക കണ്ട്രോള് റൂമുകള്‍ പ്രവർത്തിപ്പിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ ജൂണ്‍ 9ന് മുമ്പ് കേരള തീരം വിടണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
