Latestകേരളം

വിഴിഞ്ഞത്ത് യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വിഴിഞ്ഞത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വിഘ്നേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്ത് ജീവനൊടുക്കുകയാണെന്നുമുള്ള വിഘനേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സോറി ഇനി വീട്ടില്‍ നില്‍ക്കാന്‍ ആകില്ല എന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. വിഘ്‌നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്റെ തെളിവുകള്‍ ഉണ്ടായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.

നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍ – കല ദമ്പതികളുടെ മകളായ വിഘ്‌നേശ്വരിയെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. അഭിലാഷിന്റെ പിതാവ് ചന്ദ്രന്‍ സന്ധ്യക്കു വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വിഘ്‌നേശ്വരി ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്ത് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.