Latestകേരളം

നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ഭാര്യാപിതാവടക്കം ആറുപേർ അറസ്‌റ്റിൽ

കോട്ടക്കൽ : നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ഭാര്യാപിതാവടക്കം ആറുപേർ അറസ്‌റ്റിൽ. ഭാര്യാപിതാവും ഒതുക്കുങ്ങൽ സ്വദേശിയുമായ കിഴക്കേപറമ്പൻ ഷംസുദ്ധീൻ, അമ്മാവൻമാരായ ചോലപ്പുറത്ത് മജീദ്, ഷഫീഖ്‌, അബ്ദുൾ ജലീൽ, ഷഫീറലി, മുസ്‌തഫ എന്നിവരെയാണ് കോട്ടക്കൽ എസ്ഐ എം കെ ഷാജിയും സംഘവും അറസ്റ്റ്‌ചെയ്‌ത‌ത്.

തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മർദനം എന്നിവയ്‌ക്കാണ്‌ കേസ്‌. ആറുപേരെയും മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു. ഒരാൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. തിങ്കൾ രാവിലെയാണ് സംഭവം. കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി അബ്‌ദു‌ൾ അസീബിനെയാണ്‌ മർദിച്ചത്‌. രണ്ടരമാസം മുമ്പാണ്‌ അസീബ് ഒതുക്കുങ്ങൽ സ്വദേശിനി കിഴക്കേപറമ്പൻ ഷൈമയെ വിവാഹംകഴിച്ചത്‌. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതിനാൽ ഷൈമ ഒരു മാസമായി സ്വന്തം വീട്ടിലായിരുന്നു.