ബിഹാറില്‍ ഏഴ് വയസുകാരനെ ഹോസ്റ്റലില്‍ കഴുത്തറുത്ത് കൊന്നു
ഏഴ് വയസുകാരനായ വിദ്യാർഥിയെ ഹോസ്റ്റലില്‍ കഴുത്തറുത്ത് കൊന്നു. വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഗോപാല്‍പൂർ ചൗകിലാണ് സംഭവം.പ്രദേശത്തെ ഒരു സ്കൂളിന് കീഴിലുള്ള ഹോസ്റ്റലിലെ മുറിയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബെല്‍സറിലെ കല്യാണ്‍പൂർ സ്വദേശിയായ അർജുൻ താക്കൂർ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. വൈശാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്യാൻ നികേതൻ സ്കൂളിന്റെ ഹോസ്റ്റലിലാണ് കുട്ടി കൊല്ലപ്പെട്ടത്.
കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ടായിരുന്നു. അഞ്ച് മാസമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നു വിദ്യാർഥി. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോഴേക്കും സ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം ആരംഭിച്ചിരുന്നു. രോഷാകുലരായ നാട്ടുകാർ ഹോസ്റ്റലിന് നേരെ കല്ലെറിയുകയും അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് രംഗം ശാന്തമായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
