കൊല്ലത്ത് അഷ്ടമുടി കായലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു
അഷ്ടമുടി കായലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. വാളത്തുംഗല്‍ ചേതന നഗർ തിട്ടയില്‍ ആനന്ദഭവനത്തില്‍ ബിജു-അജിത ദമ്ബതികളുടെ മകൻ ആദിത്യൻ (19), തെക്കതില്‍ വീട്ടില്‍ ബിജു-സിന്ധു ദമ്ബതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്.അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനെത്തിയ ആറംഗ സംഘത്തിലുണ്ടായിരുന്നവരാണ് ഇരുവരും.
ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. രാവിലെ എട്ടുമണിയോടെയാണ് വീരഭദ്രസ്വാമി ക്ഷേത്രത്തിലേക്ക് ഇവർ പുറപ്പെട്ടത്. 10.30ന് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി കായലില്‍ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാൻ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലെ മറ്റു നാലുപേരും കരയിലെത്തിയപ്പോള്‍ ആദിത്യനും അഭിജിത്തും അടിയൊഴുക്കുള്ള ബോട്ട് ചാലിലേക്കു ഒഴുകിപ്പോയി. സംഭവം കണ്ട് അഭിജിത്തിനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ ഒരാളും ചാലില്‍പ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇവരെ കരയിലെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആദിത്യന്റെയും അഭിജിത്തിന്റെയും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ്ടു പഠനം പൂർത്തിയാക്കിയ ആദിത്യൻ മാടൻനടയിലെ ഹെല്‍മറ്റ് കടയില്‍ ജോലി ചെയ്യുകയായിരുന്നു. മയ്യനാട് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാർത്ഥിയാണ് അഭിജിത്ത്. രക്ഷാപ്രവർത്തനത്തിന് സമീപവാസിയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ സഹീർ, സഹോദരൻ സാജിദ്, അജീർ എന്നിവർ നേതൃത്വം നല്‍കി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
