Latestകേരളം

മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോവുകയായിരുന്ന ആംബുലൻസ് കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് രോഗി മരിച്ചു

എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോവുകയായിരുന്ന ആംബുലൻസ് കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് രോഗി മരിച്ചു.അപകടത്തില്‍ നാല് പേർക്ക് പരുക്കേറ്റു. കാലടി മരോട്ടിച്ചോട് വാളാഞ്ചേരി സ്വദേശി എസ്തപ്പാൻ (69) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ പുളിഞ്ചോട്ടിലാണ് സംഭവം. ന്യൂമോണിയയും ശ്വാസതടസ്സവും മൂർച്ഛിച്ചതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്തപ്പാനെയാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ദുരന്തം സംഭവിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് കുടിവെള്ള ടാങ്കർ ലോറിയില്‍ ഇടിച്ച്‌ റോഡിലേക്ക് മറിയുകയായിരുന്നു.നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ പുറത്തെടുത്തു. പരുക്കേറ്റവരെ പൊലിസ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന എസ്തപ്പാൻ വൈകുന്നേരം മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആംബുലൻസില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ പ്രീതിക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്; ആറ് തുന്നലുണ്ട്. എസ്തപ്പാന്റെ ഭാര്യ റോസി, സഹോദരൻ വർഗീസ്, ആംബുലൻസ് ജീവനക്കാരൻ അതുല്‍ എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവർ. യുകെയില്‍ നഴ്സാണ് പ്രീതി. മറ്റൊരു മകള്‍ പ്രിൻസി. മരുമക്കള്‍: സോജൻ, ലിന്റോ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.