കാസർഗോഡ് വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
കാസർഗോഡ് വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്താണ് അപകടം ഉണ്ടായത്.മാലോം കുഴിപ്പനത്തെ വിനയഭവനില്‍ വിനയരാജിന്റെ മകൻ വിതുല്‍ രാജ് (20) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന വിതുല്‍ രാജ് സുഹൃത്തുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വിതുല്‍ ഓടിച്ച മോട്ടോർസൈക്കിള്‍ മാലോത്ത് ഭാഗത്ത് നിന്നും പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിതുല്‍ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാലോം സ്വദേശിയായ സിദ്ധാർത്ഥന് സാരമായി പരിക്കേറ്റു. ഇയാളെ കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു.
