കണ്ണൂർ സിറ്റി പോലീസിൻ്റെ ‘സേഫ് ഓട്ടോ’ പദ്ധതിക്ക് തുടക്കം
കണ്ണൂർ: സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ‘സേഫ് ഓട്ടോ’ എന്ന പേരിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം നടത്തി.
സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധന്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്പിസി എഡിഎൻഒ സബ് ഇൻസ്പെക്ടർ കെ. രാജേഷ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സർവീസ് പ്രൊവൈഡർ ശ്രീമതി ബേബി രഹന ക്ലാസെടുത്തു.
ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും അനുഭവങ്ങളും കമ്മീഷണറുമായി സംവദിച്ചു. ഡ്രൈവർമാരെ സ്ത്രീസുരക്ഷാ അംബാസഡർമാരായി കാണുന്ന ഈ പരിപാടിയിൽ കുടുംബശ്രീ സംരംഭമായ ‘സ്നേഹിത’യെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. തുടർന്ന് സുരക്ഷിത യാത്രയ്ക്കുള്ള ‘സേഫ് ഓട്ടോ’ സ്റ്റിക്കറും സ്നേഹിതയുടെ സ്റ്റിക്കറും ഓട്ടോറിക്ഷകളിൽ പതിപ്പിച്ചു കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ ഉദ്ഘാടനം നിർവ്വഹിച്ചു.
