Latestദേശീയം

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പിന്നാലെ അമ്മ ജീവനൊടുക്കി

ബെംഗളൂരുവില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു.പടിഞ്ഞാറെ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറില്‍ ബുധനാഴ്ചയാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ 29കാരി പ്രതിഭയും മകന്‍ അഗസ്ത്യയുമാണ് മരിച്ചത്. പ്രതിഭയുടെ ഭര്‍ത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കെയാണ് സംഭവം.

ബുധനാഴ്ച പ്രതിഭ ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാൻ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തില്‍ വെള്ളം നിറച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോള്‍ തന്റെ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ദുഃഖിതയായ വീട്ടിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ച്‌ ആദ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പിന്നാലെ കൈത്തണ്ട മുറിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

വൈകുന്നേരം 6:30 ഓടെ മഹന്തേഷ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഒടുവില്‍ സ്പെയർ താക്കോല്‍ ഉപയോഗിച്ച്‌ വീട്ടില്‍ കയറിയപ്പോളാണ് ഭാര്യയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രതിഭ എഴുതിയ ആത്മഹത്യാക്കുറിപ്പും 15 ഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

തന്റെ മകന്റെ മരണത്തിന് താനാണ് ഉത്തരവാദിയാണെന്നും കുറ്റബോധത്തോടെ ജീവിക്കാൻ കഴിയില്ലെന്നും പ്രതിഭയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഗുളികകള്‍ കഴിച്ച്‌ കൈത്തണ്ട മുറിച്ച്‌ ആത്മഹത്യ ചെയ്യാൻ ആദ്യം ശ്രമിച്ചുവെങ്കിലും ഒടുവില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നും ആത്മഹത്യാ കുറിപ്പില്‍ പരാമർശിച്ചിട്ടുണ്ട്.

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഭൈരവേശ്വരനഗറിലെ വാടക ഫ്ലാറ്റില്‍ താമസിച്ചുവരികയാണ് കുടുംബം.