ഇന്ന് വൈകീട്ട് മുതല്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തില്‍ ഡ്രൈ ഡേ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ രണ്ടുദിവസത്തേക്ക് കേരളത്തില്‍ മദ്യവില്‍പ്പനയുണ്ടാകില്ല.ഇന്ന് വൈകീട്ട് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ളത്. വോട്ടെണ്ണല്‍ ദിനത്തിലും മദ്യവില്‍പ്പനയുണ്ടാകില്ല.
ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതല്‍ ‘ഡ്രൈ ഡേ’ ഉത്തരവ് നിലവില്‍വരും. അതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതല്‍ കേരളത്തിലെ മദ്യശാലകള്‍ അടഞ്ഞുകിടക്കും. ബുധനാഴ്ചയും തുറക്കില്ല. ഇനി വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവില്‍പ്പനശാലകള്‍ പ്രവർത്തനം ആരംഭിക്കുക.
ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ റീപോളിങ് നടക്കുന്ന ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവർത്തിക്കില്ല.
