Latestകേരളം

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് ദാരുണമായ അന്ത്യം

പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് ദാരുണമായ അന്ത്യം. കൊല്ലങ്കോട് ഗോവിന്ദന്‍കുട്ടി എന്ന ആനയാണ് ഉത്സവത്തിനിടെ അക്രമാസക്തനായത്.ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. . പകല്‍ ശീവേലിയുടെ ഭാഗമായി തെക്കുംഭാഗം ദേശം എഴുന്നള്ളിക്കുന്നതിനിടെയാണ് ആന വിരണ്ടത്. പെട്ടെന്ന് പ്രകോപിതനായ ആന പരിഭ്രാന്തി പരത്തി ഓടാന്‍ തുടങ്ങുകയായിരുന്നു. സമീപത്തെ ജനവാസ മേഖലയിലേക്കും വീടുകളിലേക്കും ആന കടക്കാന്‍ ശ്രമിച്ചതോടെ വലിയ അപകടസാധ്യതയാണ് ഉണ്ടായത്.

ആനയെ നിയന്ത്രിക്കാനും തളയ്‌ക്കാനുമുള്ള ശ്രമത്തിനിടെയാണ് പാപ്പാന്‍ രാമന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.