Latestകേരളം

സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു; ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്നു. വിവിധ ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.പാലക്കാട് ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചൂട് സാധാരണയേക്കാള്‍ വർദ്ധിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് (07/04/2026) മുതല്‍ ഏപ്രില്‍ 9 വരെ പാലക്കാട് ജില്ലയില്‍ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 36°C വരെയും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 2°C മുതല്‍ 3°C വരെ കൂടുതല്‍ താപനില ഈ ജില്ലകളില്‍ അനുഭവപ്പെട്ടേക്കാം.

ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തില്‍ ഈർപ്പത്തിന്റെ അളവ് (Humidity) കൂടുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും വെയിലത്ത് ജോലി ചെയ്യുന്നവർ മുൻകരുതലുകള്‍ എടുക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയില്‍ തുടരാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.