Latestകേരളം

വാല്‍പ്പാറ അപകടം:ഡ്രൈവര്‍ മുഹമ്മദ് ഫായിസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

തമിഴ്നാട് :വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.വൈകിട്ടോടെയാണ് ആശുപത്രിയില്‍ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്.

നിലവില്‍ ഫായിസിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടത്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേല്‍ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയില്‍ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.

പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉള്‍പ്പെടെ 13 പേർ യാത്ര പോയത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 10 പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.