Latestകേരളം

കാസര്‍ഗോഡ് ഒരു വര്‍ഷം മുമ്ബ് കളഞ്ഞുപോയ ഒരുലക്ഷം രൂപയുടെ സ്വര്‍ണത്താലി ചെരിപ്പിനടിയിലെ ബബിള്‍ഗമ്മില്‍

കാസർഗോഡ്: കളഞ്ഞുപോയ ഒരു പവൻ്റെ സ്വർണ്ണത്താലി ഒരു വർഷത്തിനുശേഷം അപ്രതീക്ഷിതമായി ഉടമയ്ക്ക് തിരികെ ലഭിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ സൂക്ഷ്മമായ ഇടപെടലിലാണ് ഇങ്ങനെ സംഭവിച്ചത്.കാസർഗോഡ് ഉദുമ പള്ളിക്കര ചെർക്കാപ്പാറയിലാണ് സംഭവം. എണ്ണപ്പാറ സ്വദേശി ജിഷയുടെ താലിയാണ് തിരിച്ചുകിട്ടിയത്.

വീട്ടിലെ പാഴ് വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഹരിതകർമസേനാംഗങ്ങളുടെ ജാഗ്രതയാണ് നഷ്ടപ്പെട്ടെന്ന് കരുതിയ താലി ജിഷയുടെ കൈകളില്‍ വീണ്ടുമെത്തിച്ചത്.

ജിഷ ബന്ധുവിൻ്റെ വീട്ടില്‍ വിരുന്നിന് വന്നപ്പോഴാണ് ഒരു പവൻ്റെ സ്വർണ്ണത്താലി നഷ്ടപ്പെട്ടത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് സങ്കടത്തോടെ ജിഷ മടങ്ങുകയായിരുന്നു. അന്ന് സ്വർണം തിരയാൻ ഒപ്പമുണ്ടായിരുന്ന അയല്‍വാസിയായ സുധയുടെ ചെരുപ്പിനടിയിലായിരുന്നു ഈ സ്വർണ്ണത്താലി ഒട്ടിപ്പിടിച്ചിരുന്നത്.

ഹരിതകര്‍മസേന അംഗങ്ങളായ സുജയ്ക്കും സുനിതയ്ക്കും ഈ മാസം പഴയ, ഉപയോഗശൂന്യമായ ചെരുപ്പുകളായിരുന്നു ശേഖരിക്കേണ്ടിയിരുന്നത്. അവര്‍ സുധയുടെ വീട്ടിലെത്തിയപ്പോള്‍ ഒരു ചാക്ക് ചെരുപ്പുകള്‍ കൊടുത്തു. ഈ സമയത്ത് ചാക്കിന് പുറത്ത് ഒരു ജോഡി ചെരിപ്പ് മാറ്റിയിട്ടിരിക്കുകയായിരുന്നു. സുധ ഇത് കാലുകൊണ്ട് തട്ടിനീക്കി ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് കൊടുത്തു. ശേഖരിച്ച വസ്തുക്കള്‍ തരംതിരിക്കുന്നതിനിടയില്‍ ചെരുപ്പിനടിയിലെ അഴുക്ക് സിമൻ്റ് തറയില്‍ ഉരച്ച്‌ വൃത്തിയാക്കി. ഈ സമയത്താണ് ചെരുപ്പിനടിയിലെ ബബിള്‍ഗമ്മില്‍ പറ്റിപ്പിടിച്ച നിലയില്‍ സ്വർണ്ണത്തിളക്കം ശ്രദ്ധയില്‍പ്പെട്ടത്.

സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അത് ഒരു പവന്റെ സ്വർണ്ണത്താലിയാണെന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ സേനാംഗങ്ങള്‍ വാർഡ് മെമ്ബർ നാരായണിയെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ജിഷയുടെ നഷ്ടപ്പെട്ട താലിയാണെന്ന് സ്ഥിരീകരിച്ചത്.

വാർഡ് മെമ്ബറുടെയും ഹരിതകർമസേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ താലി ഉടമയായ ജിഷയ്ക്ക് കൈമാറി. തിരികെ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന താലി മാലയില്‍ വീണ്ടും കോർക്കുമ്ബോള്‍ ജിഷയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. സേനാംഗങ്ങളുടെ സത്യസന്ധതയെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു