Latestകണ്ണൂര്‍കേരളം

കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കും വിമാന സർവീസ് ഇന്നുമുതൽ

മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ നിർത്തിയ വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിണ്ടും സജീവമാകുന്നു.

കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കുമുള്ള സർവീസ് വെള്ളിയാഴ്ച തുടങ്ങും. കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദോഹയിൽ നിന്ന് കണ്ണൂരിലേക്കും ശനി, ഞായർ ഒഴികെയുള്ള അഞ്ച് ദിവസങ്ങളിലാണ് ഇൻഡിഗോയുടെ സർവീസ്.

കണ്ണൂരിൽ നിന്ന് വൈകിട്ട് 4.10ന് പുറപ്പെട്ട് 5.55ന് ദോഹയിൽ എത്തും. അവിടെ നിന്ന് രാവിലെ 8.15ന് പുറപ്പെടുന്ന വിമാനം പകൽ 2.50ന് കണ്ണൂരിൽ എത്തും.

കണ്ണൂരിൽ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്തും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.10ന് പുറപ്പെടുന്ന വിമാനം 11.35ന് ദുബായിൽ എത്തും.

ദുബായിൽ നിന്ന് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ 12.50ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.25 ന് കണ്ണൂരിൽ എത്തും. ചൊവ്വ പുലർച്ചെ 5.35ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം എട്ടിന് ദുബായിൽ എത്തും. ദുബായിൽ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് പകൽ 2.35ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചും മെയ് എഴിന് സർവീസ് തുടങ്ങും.

വ്യാഴം, ശനി ദിവസങ്ങളിൽ എയർ ഇന്ത്യയാണ് സർവീസ് നടത്തുക. രാത്രി 8.45ന് പുറപ്പെട്ട് 10.35ന് ബഹ്റൈനിൽ എത്തും. തിരികെ രാത്രി 11.35ന് പുറപ്പെട്ട് രാവിലെ 6.40ന് കണ്ണൂരിൽ എത്തും.