Latestകേരളം

പിഎസ്‌സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം | മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനൈ വഴി ഉത്തരം കണ്ടെത്തി പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി. ഇന്നലെ കാലടി ഗവ.എച്ച്എസ് സ്‌കൂളില്‍ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ വിഴിഞ്ഞം, മുല്ലൂര്‍ സ്വദേശി അനീഷ് ബാബു (27), സഹായി വിഴിഞ്ഞം പനവിള സ്വദേശി അരുണ്‍ (28) എന്നിവരെ കൈയ്യോടെ പിടികൂടി. അനീഷ് പരീക്ഷ എഴുതുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പരിശോധിച്ചപ്പോഴാണ് ബ്ലൂടൂത്ത് ഉപകരണം കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പർ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനൈ വഴി ഉത്തരം കണ്ടെത്താനായിരുന്നു പ്രതികളുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. രാവിലെ 10.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷാ സമയം. പരീക്ഷ തുടങ്ങി 15 മിനിട്ടിനുള്ളില്‍ തന്നെ അനീഷിന്റെ കള്ളത്തരം പൊളിഞ്ഞു.

നെഞ്ചിന്റെ ഭാഗത്തു ഫോണും കാലിലും ചെവിയിലും ഓരോ ബ്ലൂടൂത്ത് ഉപകരണങ്ങളും ഒളിപ്പിച്ചു വച്ചാണ് അനീഷ് പരീക്ഷാഹാളില്‍ കടന്നത്. സംശയം തോന്നി ഇന്‍വിജിലേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് പിഎസ്‌സി വിജിലന്‍സും ഫോര്‍ട്ട് പൊലീസും എത്തി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണും കാലില്‍ ഘടിപ്പിച്ച ഉപകരണവും കണ്ടെത്തുന്നത്. തുടര്‍ന്ന് അനീഷിനെ സഹായിക്കാനായി പരീക്ഷാകേന്ദ്രത്തിനു പുറത്തുനിന്നിരുന്ന അരുണിനെയും പൊലീസ് പിടികൂടി. ഫോര്‍ട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.