Latestദേശീയം

ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തിനിടെ മലമുകളില്‍ നിന്ന് വീണു മരിച്ചു

തമിഴ്നാട്: ക്ഷേത്ര ദർശനത്തിനെത്തിയ യുവതി കുരങ്ങുകള്‍ ആക്രമിക്കാൻ എത്തിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയില്‍ മലമുകളില്‍ നിന്ന് വീണ് മരിച്ചു.തൂത്തുക്കുടി സൗത്ത് തിട്ടൻകുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കഴിഞ്ഞ മാസം വിവാഹിതരായ അനിതയും ഭർത്താവ് സുരേഷും കാശ്യപാലമുർത്തി ക്ഷേത്രത്തിലെത്തിയതായിരുന്നു.

ക്ഷേത്രത്തിലെ പ്രാർത്ഥനകള്‍ക്ക് ശേഷം ഇരുവരും മലമുകളിലുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലേക്ക് പോയി. അവിടെവെച്ച്‌ അവിടുത്തെ കുരങ്ങുകള്‍ക്ക് പഴങ്ങള്‍ നല്‍കുന്നതിനിടെയാണ് പെട്ടെന്ന് ഒരു കൂട്ടം കുരങ്ങുകള്‍ ഇവരെ വളഞ്ഞത്.

അപ്രതീക്ഷിതമായി കുരങ്ങുകള്‍ ചുറ്റും കൂടിയതോടെ അനിത പരിഭ്രമിക്കുകയും ഭയപ്പെട്ട് ഓടുന്നതിനിടെ ബാലൻസ് തെറ്റി മലമുകളില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അനിത മരണത്തിന് കീഴടങ്ങി.

വിദേശത്ത് ജോലി ചെയ്യുന്ന സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. സന്തോഷകരമായ ജീവിതം സ്വപ്നം കണ്ട് വിവാഹിതരായ ദമ്പതികളുടെ ജീവിതം ഒരു നിമിഷം കൊണ്ട് തകർന്നതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

വിവരമറിഞ്ഞയുടൻ കഴിഗുമലൈ ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി അനിതയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.