Latestകേരളം

വാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേർക്ക് പരിക്ക്

ഇടുക്കി.വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേർക്ക് പരിക്ക്.ഗ്രാമ്പി സ്വദേശികളായ പൊൻരാജ് (60),സുധ (37),റിധിൻ(17), സുബാഷ് (35), രാജേന്ദ്രൻ (40), കേറ്ററിങ് ഉടമ തെക്കിനേത്ത് ജിയോ (38), ജീവനക്കാരായ അഭിജിത്ത് (22), അമല്‍ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സ തേടി.

വെള്ളിയാഴ്ച ഒന്നരയോടെ വണ്ടിപ്പെരിയാർ ഗ്രാമ്പി സ്വദേശികളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിവാഹം കഴിഞ്ഞശേഷം ഏറ്റവും അവസാന ഭാഗത്താണ് വരന്റെ സഹോദരിയും ഭർത്താവും ഉള്‍പ്പെടെയുള്ള ആളുകള്‍ ഭക്ഷണം കഴിക്കാൻ എത്തിയത്. ഈസമയം മേശയും മറ്റും വൃത്തിയാക്കുകയായിരുന്നു കേറ്ററിങ് തൊഴിലാളികള്‍.

ബന്ധുക്കള്‍ ഈ മേശയില്‍ ഇരുന്നപ്പോള്‍ അവിടെ ഭക്ഷണം വിളമ്പാൻ കഴിയില്ലെന്നും തൊട്ടടുത്തുള്ള മറ്റൊരു മേശയിലേക്ക് മാറണമെന്നും പറഞ്ഞതാണ് സംഘർഷത്തില്‍ കലാശിച്ചത്. ഇതില്‍ പ്രകോപിതരായി ബന്ധുക്കളില്‍ ചിലർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കേറ്ററിങ് ഉടമ പരിക്കേറ്റ തെക്കിനേത്ത് ജിയോ പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസ് മേല്‍നടപടി സ്വീകരിച്ചു.