മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനം
മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനം. മറ്റൊരു തീയതിയില്‍ പരീക്ഷ വീണ്ടും നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചു. പരീക്ഷ പേപ്പര്‍ ചോര്‍ച്ച ക്രമകേട് സിബിഐക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പുതിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സൈറ്റുകള്‍ മാത്രം വിവരങ്ങള്‍ക്കായി ആശ്രയിക്കുക. പുതിയ രജിസ്ട്രേഷന് ആവശ്യമില്ല. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
പരീക്ഷയ്ക്ക് മുന്‍പ് പ്രചരിച്ച ഗസ് പേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയില്‍ വന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഏജന്‍സികള്‍ക്ക്
സമയം നല്‍കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടു.
മെയ് 7-ന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ടിഎയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് മെയ് 8 ന് വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറി. മെയ് 3 ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പര്‍ എത്തിച്ചതെന്നും എന്‍ടിഎ വ്യക്തമാക്കി. സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നുവെന്നും എന്‍ടിഎ അറിയിച്ചു.
