Latestദേശീയം

വിവാഹേതര ബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി

തെലുങ്കന.വിവാഹേതര ബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.തെലങ്കാന സ്വദേശി മുത്യം റെഡ്ഡി (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കല്‍പ്പന, ഇവരുടെ ആണ്‍സുഹൃത്ത് ഗൈനി പണ്ടാരി (ചിന്തു) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒമ്പത് ദിവസമായി മുത്യം റെഡ്ഡിയെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തു വന്നത്. കല്‍പ്പനയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ്, ചിന്തു എന്ന യുവാവുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി മുത്യം റെഡ്ഡിയും കല്‍പ്പനയും തമ്മില്‍ വീട്ടില്‍ പതിവായി വഴക്കുണ്ടായിരുന്നു.

തങ്ങളുടെ ബന്ധത്തിന് ഭർത്താവ് പൂർണമായി തടസ്സമാണെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മുത്യം റെഡ്ഡിയെ കൊലപ്പെടുത്തിയ ശേഷം, പ്രതികള്‍ ജെസിബി മെഷീൻ ഉപയോഗിച്ച്‌ കൃഷിയിടത്തില്‍ ആഴത്തിലുള്ള കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ മൃതദേഹം മൂടിയ ഭാഗത്ത് മണ്ണും കല്ലും നിരത്തി ഇവർ പ്രദേശം പഴയതുപോലെയാക്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടർന്ന് റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ കൃഷിയിടത്തില്‍ പരിശോധന നടത്തുകയും ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൂരമായ ഈ കൊലപാതകത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി വെങ്കട റെഡ്ഡി അറിയിച്ചു.