കേരളത്തിൽ സ്കൂൾ ബസുകളുടെ എണ്ണം കാൽലക്ഷത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്ത് സ്കൂൾ ബസുകളുടെ എണ്ണത്തിൽ വർധന.
അഞ്ചു വർഷംകൊണ്ട് 40-45 ശതമാനം സ്കൂൾ ബസുകൾ കൂടി. സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ഇത്തവണ ചില ജില്ലകളിൽ 20-25 ശതമാനം വരെ ബസുകൾ അധികമായി എത്തിയതായാണ് കണക്കാക്കുന്നത്. മോട്ടോർവാഹന വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് നിലവിൽ 23,000-ത്തിലധികം സ്ക്‌കൂൾ വാഹനങ്ങളുണ്ട്.
കഴിഞ്ഞ വർഷം ഇത് ഇരുപതിനായിരത്തിൽ താഴെയായിരുന്നു.
ഇക്കൊല്ലം ഫിറ്റ്നസ് പരിശോധന നടത്തിയ ഏകദേശം 9,000 ബസുകൾ, സി.ബി.എസ്.ഇ. സ്കൂളുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ബാക്കിയുള്ളവ എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളുടേതാണ്. ഇതുകൂടാതെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിൽ വലിയൊരു വിഭാഗം കരാർവാഹനങ്ങളും കുട്ടികളെ സ്കൂളിലെത്തിക്കാൻ സർവീസ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതൽ വാഹനങ്ങൾ സർവീസ് നടത്തുന്നത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്. ഏറ്റവും കുറവ് വാഹനങ്ങളുള്ളത് വയനാട്, ഇടുക്കി ജില്ലകളിലാണ്.
പൊതുവിദ്യാലയങ്ങളും ബസുകൾ ഏർപ്പെടുത്തിയതോടെയാണ് ഈ വർധന തുടങ്ങിയത്. എം.എൽ.എ. ഫണ്ടിൽനിന്നും സി.എസ്.ആർ. ഫണ്ടിൽനിന്നും പൊതുവിദ്യാലയങ്ങൾക്ക് വാഹനങ്ങൾ ലഭിക്കുന്നുണ്ട്. ബസില്ലാത്ത സ്കൂളുകളിൽ കുട്ടികളെ വിടാൻ രക്ഷിതാക്കൾ താത്പര്യം കാട്ടാത്തതിനാൽ മിക്ക എയ്‌ഡഡ് സ്കൂളുകളും ബസ് വാങ്ങുകയോ വാഹനങ്ങൾ വാടകയ്ക്കെടുക്കുകയോ ചെയ്യുന്നുണ്ട്. ഡിവിഷൻ നിലനിർത്താനായി, ദൂരസ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളെ തങ്ങളുടെ സ്കൂളിലെത്തിക്കുകയെന്ന ഉദ്ദേശ്യവും അവർക്കുണ്ട്.
ഓട്ടോറിക്ഷകൾ, സ്വകാര്യ വാനുകൾ എന്നിവയെക്കാൾ കുട്ടികളുടെ സുരക്ഷയ്ക്കായി രക്ഷിതാക്കൾ സ്കൂൾ ബസുകൾക്കു മുൻഗണന നൽകുന്നതും വർധനയ്ക്കു കാരണമാണ്.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർവാഹന വകുപ്പും കർശന നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കും യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലെന്ന് ഉറപ്പാക്കാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണിപ്പോൾ. സ്‌കൂൾ ബസ് ഓടിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ക്‌കൂൾ ബസുകൾക്കു പുറമേ, ‘ഓൺ സ്കൂൾ ഡ്യൂട്ടി’ ബോർഡുകൾ വെച്ച് സർവീസ് നടത്തുന്ന സ്വകാര്യ വാനുകളും ഓട്ടോറിക്ഷകളും എല്ലാ ജില്ലകളിലും സജീവമാണ്.
