പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ചു
മധ്യപ്രദേശിലെ ഭിന്ദില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ച മൂന്ന് പ്രതികള്‍ അറസ്റ്റില്‍.പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ഗുപ്തേശ്വർ മലനിരകളില്‍ നിന്നാണ് കണ്ടെടുത്തത്.
പൊലീസ് വൃത്തങ്ങള്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരം, ഭിന്ദ് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ പെണ്‍കുട്ടിയെ മേയ് 28നാണ് കാണാതായത്. തുടർന്ന് വീട്ടുകാർ മൗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. രാമു ഗുർജാർ എന്നയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തുടർന്ന് ഗുപ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിനു സമീപമുള്ള വിജനമായ സ്ഥലത്ത് വച്ച് രാമുവും കൂട്ടാളികളായ അരുണ്‍ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവരും ചേർന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കുറ്റം പുറത്തറിയുമെന്ന ഭയത്താലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടർന്ന് മേയ് 29ന് പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകളും മറ്റ് തെളിവുകളും നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു.
കേസില്‍ പ്രധാന പ്രതിയായ രാമു ഗുർജാറിനെ പൊലീസ് അതിവേഗം കസ്റ്റഡിയിലെടുക്കുകയും, ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് രണ്ട് പ്രതികളെ ഗ്വാളിയോറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
