പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതം
ആലുവ. പോക്സോ കേസിലെ ഇരയായ പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ആലുവ എടത്തല ഭാഗത്ത് ശനിയാഴ്ച വൈകുന്നേരം മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. എടത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതലാണ് കുട്ടിയെ കാണാതായത്.
എടത്തല ഓട്ടോ സ്റ്റാൻഡില്‍ എത്തിയ ശേഷം കുട്ടി അവിടെ നിന്ന് ഓട്ടോ വിളിച്ച് ആലുവ നഗരത്തിലേക്ക് പോയി എന്ന് പൊലീസ് കണ്ടെത്തി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ എത്തിച്ചതായി ഓട്ടോഡ്രൈവർ പൊലീസിന് വിവരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷൻ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
അന്വേഷണത്തില്‍ നിർണായക വിവരം കൂടി പൊലീസിന് ലഭിച്ചു. പോക്സോ കേസിലെ പ്രതിയുടെ ഫോണ്‍ നമ്പറിലേക്ക് കുട്ടി വിളിച്ചതായി കണ്ടെത്തി. കായംകുളം സ്വദേശിയാണ് കേസിലെ പ്രതി എന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ കാണാനില്ലെന്ന് സ്ഥാപന അധികൃതർ ആദ്യം എടത്തല പൊലീസിനെ അറിയിച്ചു.തുടർന്ന് കുടുംബവും പരാതി നല്‍കി.
