CMRL-എക്സാലോജിക് കേസ്: ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
എക്സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
