നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ വളർത്തച്ഛൻ അഷ്കർ, അമ്മ അഖില എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യം ചെയ്യണമെന്ന പൊലീസിൻ്റെ പ്രത്യേക ആവശ്യം അംഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കുഞ്ഞിനെ മർദ്ദിച്ച വസ്തുക്കൾ കണ്ടെത്തണമെന്നും കൂടുതൽ ചോദ്യം ചെയ്യൽ കേസിൽ അനിവാര്യമാണെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു.
നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിലായിരുന്നു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരുന്നത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയായിരുന്നു പ്രതികളെ റിമാൻഡിലാക്കിയത്. രണ്ടാനച്ഛൻ അഷ്കർ ഒരു കൊടും ക്രിമിനലാണെന്ന സംശയം ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകളുണ്ടായിരുന്നു. അതിൽ അമ്പതിലധികം പുറം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തിയിരുന്നു.
