Latestകേരളം

കൊണ്ടോട്ടിയില്‍ ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ മരിച്ചു, പത്ത് പേര്‍ക്ക് പരിക്ക്

മലപ്പുറം കൊണ്ടോട്ടിയില്‍ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടമായി.ട്രാവലർ ഡ്രൈവർ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷും, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണിയുമാണ് (60) അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം നടന്ന സമയത്ത് ട്രാവലറില്‍ 27 യാത്രക്കാരും, ലോറിയില്‍ 3 പേരുമാണ് ഉണ്ടായിരുന്നത്.

കൂട്ടിയിടിയുടെ ആഘാതം വളരെ വലുതായിരുന്നതിനാല്‍ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നുപോയി.

സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും നാട്ടുകാരും എത്തിച്ചേരുകയും രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അപകടം സംഭവിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.