CMRL-എക്സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാന്‍ ED
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ കണ്ടുകെട്ടല്‍ നടപടികളിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടും. ഇതിനായി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി മുന്‍പാകെ റിപ്പോര്‍ട്ട് നല്‍കും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ തുടര്‍ന്നും കൈവശം വയ്ക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കും.
എക്സാലോജിക് ഉടമ വീണ ടിയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചിരുന്നു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്നുപരിശോധിക്കും. ചോദ്യം ചെയ്യലിന് മുന്നോടിയായി തുറന്നുപരിശോധിക്കാനാണ് നീക്കം.കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. ഇഡിയുടേത് തീര്‍പ്പാക്കിയ കേസിലെ അന്വേഷണമെന്ന സിഎംആര്‍എല്‍ വാദം ഹൈക്കോടതി തള്ളി.
