Latestകേരളം

കെ.എസ്.ഇ.ബി ജീവനക്കാരനെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലോട്: ആളൊഴിഞ്ഞ വനമേഖലയില്‍ തലയില്‍ ഹെല്‍മെറ്റ് ധരിച്ച നിലയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.വിതുര സ്വദേശിയും പാലോട് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനുമായ പ്രിൻസ് (52-കുഞ്ഞുമോൻ) ആണ് മരിച്ചത്.

പാലോട് – പാണ്ഡ്യൻപാറ കെ.എസ്.ഇ.ബി പവർ സ്റ്റേഷന് സമീപത്തുള്ള വനപ്രദേശത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. തലയില്‍ ഹെല്‍മെറ്റ് ധരിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കിടന്നിരുന്നത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ജോലിക്ക് പോയ പ്രിൻസ് രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പ്രിൻസ് സ്ഥിരമായി പോകാറുള്ള വഴികളിലും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പവർ സ്റ്റേഷന് സമീപത്തെ വനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്.

വിവരമറിഞ്ഞ് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ പോലീസിന്റെ സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ സംഘവും സ്ഥലത്തെത്തും. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.