Latestദേശീയം

മോർച്ചറിയില്‍ സൂക്ഷിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ജീവനക്കാരൻ അറസ്റ്റില്‍

മോർച്ചറിയില്‍ സൂക്ഷിച്ച മരിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും അനധികൃതമായി പകർത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മോർച്ചറി ജീവനക്കാരൻ അറസ്റ്റില്‍.കർണാടകയിലെ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആശുപത്രിയിലെ കരാർ ജീവനക്കാരനായ മുനീർ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് ഇയാള്‍ക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ പകർത്തിയത്. ഈ ചിത്രങ്ങളും വീഡിയോകളും പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇത് മരിച്ചവരുടെ സ്വകാര്യതയെയും അന്തസ്സിനെയും ലംഘിക്കുന്നതാണെന്ന തരത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഏറെക്കാലമായി ആശുപത്രിയിലെ കരാർ ജീവനക്കാരനായിരുന്നു പ്രതി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രതി തന്നെയാണോ നേരിട്ട് ഈ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തത്, അല്ല കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൃതദേഹങ്ങളോട് കാട്ടിയ അനാദരവ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കിയതായും ആശുപത്രിയെ അപകീർത്തിപ്പെടുത്തിയെന്നും മാനേജ്മെൻ്റ് കുറ്റപ്പെടുത്തി. സംഭവത്തില്‍ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കി. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.