സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. നിരോധന കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അര്‍ധരാത്രി 12നു മുമ്പായി എല്ലാ ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കാനാണ് നിര്‍ദേശം.
തീരത്തടുപ്പിച്ച ബോട്ടുകള്‍ നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി 12നുശേഷമേ മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ പാടുളളൂ. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും കടലില്‍ മത്സ്യബന്ധനത്തിന് കടലില്‍പോകാം. എന്നാല്‍, കുഞ്ഞന്‍ മീനുകളെ പിടിക്കുന്നതിന് നിരോധനമുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. ഈ സമയത്ത് പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോട്ടുകളും നിരീക്ഷണത്തിനിറങ്ങും.
